സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; വനിതാദിനത്തില്‍ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം എക്‌സില്‍ പങ്കുവച്ചു. ലോക വനിതാദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്തത്.

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. വിവിധ മേഖലകളിലെ സുധാ മൂര്‍ത്തിയുടെ മികച്ച പ്രവര്‍ത്തനം പ്രചോദനം നല്‍കുന്നതാണെന്നും അവരുടെ സാന്നിധ്യം രാജ്യസഭയിലെ നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി എക്‌സിൽ കുറിച്ചു.

സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുധാമൂര്‍ത്തി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയുമാണ്. 73 കാരിയായ സുധാമൂര്‍ത്തിയെ 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023ല്‍ പത്മഭൂഷണും ലഭിച്ചു.

ഇംഗ്ലീഷ്, കന്നഡ ഭാഷകളിലാണ് സുധാ മൂര്‍ത്തി എഴുതാറുള്ളത്. ‘ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്’, ‘മഹാശ്വേത’, ‘ഡോളര്‍ ബഹു’ തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകള്‍. നിരവധി അനാഥാലയങ്ങള്‍ സുധ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.