കോവിഡ് വ്യാപനം; ആശുപത്രികളില്‍ മോക്ഡ്രില്ലിന് നിര്‍ദേശം; ജാഗ്രതാനിര്‍ദ്ദേശവുമായി കേന്ദ്രം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ-ചികിത്സാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ മോക്ഡ്രില്‍ നടത്താനാണ് സംസ്ഥാനങ്ങള്‍ക്കു കിട്ടിയ നിര്‍ദേശം. ഏപ്രില്‍ 8, 9 തീയതികളില്‍ ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും വിലയിരുത്തണമെന്നും അറിയിച്ചു.

വെര്‍ച്വല്‍ വിശകലന യോഗത്തില്‍, കോവിഡില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു നിര്‍ദേശം.

കോവിഡ് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം. ആശുപത്രി സൗകര്യങ്ങള്‍ കൂട്ടണം. കോവിഡ് വകഭേദങ്ങള്‍ക്കു സംഭവിക്കുന്ന ജനിതക മാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. കഴിഞ്ഞ തവണ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ചെയ്തതുപോലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മാണ്ഡവ്യ നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് പിന്നിലെന്നതിനാല്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി.