രാജ്നാഥ് സിംഗിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ മത്സരിപ്പിക്കാന്‍ എസ്. പി നീക്കം; പിന്തുണയുമായി കോണ്‍ഗ്രസും

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെതിരെ മുന്‍ ബിജെപി നേതാവായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ മത്സരിപ്പിക്കാന്‍ എസ് പി നീക്കം. ഈ നീക്കത്തിന് ബിഎസ്പിയും കോണ്‍ഗ്രസും പിന്തുണ നല്‍കുമെന്ന് അറിയിച്ചു. തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല പകരം ലഖ്നൗവിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

നരേന്ദ്ര മോദിയുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ തുറന്നടിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്ന ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ നാളെ അംഗത്വമെടുക്കും. മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും പശു രാഷ്ട്രീയത്തിനെതിരെയും മുസ്ലിം വിരുദ്ധതയ്ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ നടത്തി സിന്‍ഹ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

വിമര്‍ശനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരുന്ന ബിജെപി ഇക്കുറി സിന്‍ഹയ്ക്ക് സീറ്റ് നല്‍കിയിട്ടില്ല. 2009ലും 2014ലും പാറ്റ്ന സാഹിബില്‍ നിന്ന് മത്സരിച്ച് ജയിച്ച സിന്‍ഹയെ മാറ്റി ഇക്കുറി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

അതേസമയം, ഇതേ മണ്ഡലത്തില്‍ വേറൊരു പാര്‍ട്ടിക്ക് കീഴില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വവുമായി ശത്രുഘ്‌നന്‍ കുറേക്കാലമായി അകല്‍ച്ചയിലാണ്. അടുത്ത കാലത്തായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെടുകയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്യുകയുണ്ടായി. കേന്ദ്രസര്‍ക്കാരിനെതിരെ പശ്ചിമബംഗാളില്‍ മമതാബാനര്‍ജി നേതൃത്വം നല്‍കിയ മെഗാറാലിയില്‍ സിന്‍ഹ പങ്കെടുക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.