യോഗിക്ക് എതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ്; 15 വയസ്സുകാരനോട് 15 ദിവസം ഗോശാലയില്‍ ജോലി ചെയ്യാന്‍ ഉത്തരവിട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട 15 വയസ്സുകാരനെതിരെ വിചിത്ര ശിക്ഷാനടപടിയുമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. പോസ്റ്റിനുള്ള ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും ബാക്കി 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്.

യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി പ്രചരിപ്പിച്ചുവെന്ന കേസിലാണ് പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 505, ഐടി ആക്ടിലെ സെക്ഷന്‍ 6 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയായിരുന്നു.

പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ച് കുട്ടിക്ക് ശിക്ഷാ ഇളവുകള്‍ നല്‍കിയതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. ശിക്ഷക്കൊപ്പം 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സമുദായത്തെ സേവിക്കാനുള്ള മഹത്തായ അവസരമാണ് ഇതിലൂടെ കുട്ടിക്ക് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജെ.ജെ.ബി പ്രസിഡന്റ് അഞ്ചല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് പോസ്റ്റിന് ശിക്ഷ വിധിച്ചത്.