രാഹുല്‍ ഗാന്ധിക്ക് അടിയന്തരമായി ലോക്സഭാംഗത്വം തിരികെ നല്‍കണം; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അടിയന്തരമായി ലോക്സഭാംഗത്വം തിരികെ നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീംകോടതിയുടെ വിധി പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’ ആണ് നടക്കുന്നത്. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.

മൂന്ന് ദിവസത്തിനുളളില്‍ നിരവധി കുടിലുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി. നൂഹില്‍ ഷഹീദ് ഹസന്‍ ഖാന്‍ മേവാത്ത് മെഡിക്കല്‍ കോളേജിന് മുന്നില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കം ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു. ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളായ ബജ്രംങ്ദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലകളെ കലാപത്തിലേക്ക് തള്ളിവിട്ടത്. പശുക്കടത്ത് ആരോപിച്ച് രണ്ടുയുവാക്കളെ ഫെബ്രുവരിയില്‍ കൊലപ്പെടുത്തിയ മോനു മനേസര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ യാത്രയിലെ സാന്നിദ്ധ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.