ബി.ജെ.പിക്ക് 25 മന്ത്രിമാർ, ഷിൻഡേ പക്ഷത്തുനിന്ന് 13 പേർ: മഹാരാഷ്ട്ര മന്ത്രിസഭയിൽ ധാരണ

മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡേ മന്ത്രിസഭയിൽ 45 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പിയിൽ നിന്ന് 25 മന്ത്രിമാരും ഷിൻഡേയ്ക്കൊപ്പമുള്ള വിമത ശിവസേന എം.എൽ.എമാരിൽ 13 പേരും മന്ത്രിമാരാകും. ബാക്കിയുള്ള ഏഴു സ്ഥാനങ്ങൾ സ്വതന്ത്രർക്ക് നൽകാനുമാണ് ധാരണ. മഹാരാഷ്ട്ര സർക്കാരിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ ബാക്കിയുള്ളവർ പുതുമുഖങ്ങളായിരിക്കുമെന്നും സൂചനകളുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. മഹാ അഗാഡി സഖ്യത്തിൻറെ നേതൃത്വത്തിലുള്ള ഉദ്ധവ് സർക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസാണ് ഉപമുഖ്യമന്ത്രി.

കേവല ഭൂരിപക്ഷത്തേക്കാൾ 20 അംഗങ്ങളുടെ അധിക പിന്തുണ നേടി വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനും ഷിൻഡെയ്ക്ക് കഴിഞ്ഞു. യഥാർഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ പക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ചിഹ്നം ഉൾപ്പെടെ ലഭിക്കാൻ ഇനിയും കടമ്പകളേറെയുണ്ട്.

അതേസമയം 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിൻറെ ഹർജി സുപ്രിംകോടതിയിലാണ്. ജൂലൈ 11ന് കോടതി വിധി വന്നതിനു ശേഷമാകും മന്ത്രിമാരെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.