ഭീകരതകൊണ്ട് ഇന്ത്യയെ തകര്‍ക്കാനാകില്ല; പാകിസ്താന് ഭീകരതയുമായുള്ള ബന്ധം ലോകത്തിന് മുന്നില്‍ വ്യക്തമാക്കും; യാത്ര തിരിക്കും മുമ്പ് രാജ്യത്തിന് ശശി തരൂരിന്റെ സന്ദേശം

ഭീകരതകൊണ്ട് ഇന്ത്യയെ തകര്‍ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഈ സന്ദേശം നല്‍കാനാണ് താന്‍ അടങ്ങുന്ന പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് അദേഹം പറഞ്ഞു. ഗയാന, പാനമ, കൊളംബിയ, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് അദേഹം തന്റെ സന്ദേശം പുറത്തുവിട്ടത്.

ഏറ്റവും ക്രൂരമായ ഭീകരാക്രമണമാണ് രാജ്യം നേരിട്ടത്. അത് വ്യക്തതയോടെ ലോകത്തോട് പറയണം. സത്യത്തിനുമേല്‍ നിഷ്‌ക്രിയത്വം വിജയം നേടുന്ന അവസ്ഥയുണ്ടാകരുത്. ഇത് സമാധാന ദൗത്യമാണ്. പ്രതീക്ഷയുടെ ദൗത്യമാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. വെറുപ്പിനും കൊലക്കുമല്ല. തരൂര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പാകിസ്താന് ഭീകരതയുമായുള്ള ബന്ധം വ്യക്തമാക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യം. ഓപറേഷന്‍ സിന്ദൂറിലേക്ക് നയിച്ച സാഹചര്യം, യു.എസിനെ പിടിച്ചുലച്ച 9/11 ആക്രമണത്തിലുള്‍പ്പെടെ അല്‍ ഖാഇദ പോലുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്താനുമായുള്ള ബന്ധം തുടങ്ങിയവ സംഘം സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ വിശദീകരിക്കും.

Read more

എല്‍.ജെ.പി -ആര്‍.വിയിലെ ശാംഭവി, ജെ.എം.എമ്മിലെ സര്‍ഫറാസ് അഹ്‌മദ്, ടി.ഡി.പിയിലെ ബാലയോഗി, ബി.ജെ.പിയിലെ ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത, തേജസ്വി സൂര്യ, ശിവസേനയിലെ മിലിന്ദ് ദേവ്‌റ, മുന്‍ നയതന്ത്രജ്ഞന്‍ തരന്‍ജിത് സന്ധു എന്നിവരാണ് തരൂര്‍ നയിക്കുന്ന സംഘത്തിലുള്ളത്.