ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26 സീറ്റ്, 9 സീറ്റുകളിൽ കോൺഗ്രസ്, ഇടതുപക്ഷത്തിന് 5

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യത്തിൽ ധാരണയിലെത്തിയതായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മുന്നണി ഒറ്റക്കെട്ടാണെന്നും തേജസ്വി യാദവ് പറഞ്ഞു. 26 സീറ്റുകളിൽ ആർജെഡി സ്‌ഥാനാർഥികൾ മത്സരിക്കും. 9 സീറ്റുകളിൽ കോൺഗ്രസ്സും 5 സീറ്റുകളിൽ ഇടതുപക്ഷവും മത്സരിക്കുന്നുണ്ട്.

കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ നടന്നത്. ഒൻപത് സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനമായത്. കിഷൻഗഞ്ച്, കട്ടീഹാർ, ഭഗൽപൂർ, മുസഫർപൂർ, സമസ്‌തിപൂർ, വെസ്‌റ്റ് ചമ്പാരൺ, പട്ന സാഹിബ്, സാസരം, മഹാരാജ്‌ഗഞ്ച് എന്നീ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നൽകിയത്. ഖഗാരിയയിൽ സിപിഎമ്മും ബെഗുസരായിയിൽ സിപിഐയും മത്സരിക്കും.

ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സർ, പാടലീപുത്ര, മുംഗർ, ജാമുയി, ബാഹ്‌ക, വാൽമീകി നഗർ, പൂർവി ചമ്പാരൺ, ഷെയോഹർ, സീതാമാർഹി, വൈശാലി, സരൺ, സിവാൻ, ഗോപാൽഗഞ്ജ്, ഉജിയാർപൂർ, ദർഭംഗ, മധുബനി, ജാൻഝാൻപൂർ, സുപോൾ, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂർ എന്നിവയാണ് ആർജെഡി മത്സരിക്കുന്ന മണ്ഡലങ്ങൾ. ഏപ്രിൽ 19നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.