മുസ്ലിം ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; ശ്രീരാമസേന അംഗങ്ങൾ അറസ്റ്റിൽ, വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ

മുസ്ലീമായ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാൻ സ്കൂ‌ളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന സംഘം. വടക്കൻ കർണാടകയിലെ ബെലഗാവി ജില്ലയിൽ ഹുളിക്കാട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കിൽ വിഷം കലർത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാൻ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവർ പദ്ധതി ആസൂത്രണം ചെയ്തത്.

13 വർഷമായി ഇദ്ദേഹം ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിൻ്റെ പേരിന് കളങ്കം വരുത്തിയാൽ സ്ഥലം മാറ്റൽ നടപടി എളുപ്പമാകുമെന്നാണ് പ്രതികൾ കരുതിയത്. വിഷം കലർന്ന വെള്ളം കുടിച്ച 12 വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആശുപത്രി വിട്ടു.

വിഷം കലർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പോലീസ് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. വിദ്യാർഥിയെ ചോദ്യം ചെയ്ത‌പ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാൾ തനിക്ക് ഒരു കുപ്പി ദ്രാവകം കൈമാറിയെന്നും അയാളുടെ നിർദ്ദേശപ്രകാരം ടാങ്കിലെ വെള്ളത്തിൽ കലർത്തിയതെന്നും വിദ്യാർഥി മൊഴി നൽകി. തുടർന്നാണ് പ്രതികളിലൊരാളായ കൃഷ്‌ണ മഡാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കൃഷ്‌ണ മഡാറിനെ ചോദ്യം ചെയ്‌തപ്പോൾ സാഗർ പാട്ടിൽ, നഗനഗൗഡ പാട്ടിൽ എന്നിവരുടെ നിർബന്ധപ്രകാരമാണ് താൻ ഇത് ചെയ്‌തതെന്ന് വെളിപ്പെടുത്തി. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും വിഷം കലർത്താൻ സഹായിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ അറിയിച്ച് പ്രശ്‌നമുണ്ടാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി കൃഷ്ണ‌ മഡാർ പറഞ്ഞു. പ്രതികളുടെ ഭീഷണിക്ക് ഇയാൾ വഴങ്ങുകയായിരുന്നു.

Read more

സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാമസേനയുടെ താലൂക്ക് അധ്യക്ഷൻ സാഗർ പാട്ടിലിനെയും അറസ്റ്റ് ചെയ്തു. വിദ്വേഷവും വർഗീതയും പടർത്താനുള്ള ശ്രമമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അതിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.