തരൂരിന് സംഘടനാപരിചയം ഇല്ലെന്നുള്ള വാദത്തിന് പ്രസക്തിയില്ല, വരേണ്യനെന്ന് വിളിക്കുന്നത് വിലകുറഞ്ഞ പരാമര്‍ശം: സന്ദീപ് ദീക്ഷിത്

ശശി തരൂരില്‍ നല്ല നേതൃഗുണങ്ങളുണ്ടെന്ന് ് ജി23 നേതാവ് സന്ദീപ് ദീക്ഷിത്. അദ്ദേഹം ഒരു വരേണ്യനാണെന്ന് പറയുന്നത് തികച്ചും വിലകുറഞ്ഞ പരാമര്‍ശമാണെന്നും സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന വ്യക്തിയാണ് ശശി തരൂരെന്നും സന്ദീപ് ദീക്ഷിത് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളായിരുന്നു ശശി തരൂര്‍. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുമ്പോള്‍ മിക്കവരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേ്ക്ക് പരസ്യ പിന്തുണ നല്‍കുകയും ചെയ്തു. ജി23 നേതാക്കളില്‍ സന്ദീപ് ദീക്ഷിത് മാത്രമാണ് തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

തരൂര്‍ കോണ്‍ഗ്രസിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. ജനാധിപത്യപരമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണത്. തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതിനാല്‍ സംഘടനാ പരിചയം ഇല്ലെന്നുമുള്ള വാദത്തിന് നിലനില്‍പ്പില്ല. വാസ്തവത്തില്‍ സംഘടനാ തലത്തിലെ ദീര്‍ഘകാല പരിചയം മാറ്റങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരാനുള്ള ഒരാളുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്നു. കാരണം ഇത്രയും കാലം സേവിച്ച സിസ്റ്റത്തിന്റെ ഇരയായി നിങ്ങള്‍ മാറുന്നുവെന്നും സന്ദീപ് ദീക്ഷിത് നിരീക്ഷിച്ചു.

Read more

കോണ്‍ഗ്രസിലേക്ക് ഒരുപാട് പുതിയ ആളുകളെ ആകര്‍ഷിക്കാന്‍ തരൂരിന് കഴിവുണ്ടെന്നും സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു- ‘കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. തരൂര്‍ അധ്യക്ഷ സ്ഥാനത്തെ നല്ല തെരഞ്ഞെടുപ്പാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ആകര്‍ഷണീയതയുള്ള വ്യക്തിത്വമാണ് തരൂരിന്റേത്’- സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.