'റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി'; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് റെയ്ഡിനിടെ റോയ് ജീവനൊടുക്കിയത്.

അതേസമയം റോയിയുടെ സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായതോടെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ നാളെ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

അതിനിടെ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോയ് സി ജെയുടെ സഹോദരന്‍ ബാബു സി ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

Read more