18 വയസിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് ഇന്നു മുതല്‍; പ്രത്യേക രജിസ്‌ട്രേഷന്‍ വേണ്ട

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഇന്ന് മുതല്‍ കരുതല്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. ആദ്യം സ്വീകരിച്ച വാക്സിന്റെ തന്നെ കരുതല്‍ ഡോസാണ് സ്വീകരിക്കേണ്ടത്. വാക്സിനേഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കോവിന്‍ പോര്‍ട്ടലില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചിരുന്നു.

കരുതല്‍ ഡോസ് വിതരണത്തിന് മുന്നോടിയായി ഇന്നലെ കൊവിഷീല്‍ഡ് കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഡോസിന് 225 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 225 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

വാക്‌സിന്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളു എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.