'ഡൽഹിയിൽ രണ്ട് മുഖ്യമന്ത്രി'; ഔദ്യോഗിക യോഗത്തിൽ രേഖാ ഗുപ്തയ്ക്കൊപ്പം ഭർത്താവും, പരിഹസിച്ച് ആം ആദ്മി

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത് ഭർത്താവ് മനീഷ് ഗുപ്‌തയും. വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിലാണ് സർക്കാരിൻ്റെ ഭാഗമല്ലാത്ത മനീഷ് ഗുപ്‌ത പങ്കെടുത്തത്. രേഖാ ഗുപ്തതയ്ക്കൊപ്പം മനീഷും യോഗത്തിൽ പങ്കെടുക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സംഭവത്തെ രൂക്ഷമായി വിമർശിച്ച് എഎപിയും കോൺഗ്രസും രംഗത്തെത്തി.

ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമാണ് മനീഷ് ഗുപ്ത‌. രേഖാ ഗുപ്ത ഞായറാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിലാണ് മനീഷ് ഗുപ്ത പങ്കെടുത്തത്. ഷാലിമാർബാഗ് നിയമസഭാ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു യോഗം. രേഖയുടെ തൊട്ടടുത്ത് ഇടതുവശത്തായിരുന്നു മനീഷ് ഇരുന്നിരുന്നത്.

സർക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി, ഔദ്യോഗികയോഗത്തിൽ പങ്കെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് എഎപിയുടെ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഹിന്ദി വെബ്സീരീസ് ആയ പഞ്ചായത്തിലെ ഫുലേരാ ഗ്രാമം പോലെയായി ഡൽഹി സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ഫുലേരയിൽ വനിതാ സർപഞ്ചിന്റെ ഭർത്താവ് അനൗദ്യോഗികമായി അധികാരം നടപ്പാക്കുന്നുണ്ട്. ഇതിനെ സൂചിപ്പിച്ചായിരുന്നു ഭരദ്വാജിൻ്റെ പരിഹാസം.

എഎപി നേതാവ് സഞ്ജയ് സിങ്ങും പരിഹാസവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സിങ്ങിൻ്റെ പരിഹാസം. ഫുലേരാ പഞ്ചായത്തിലേക്ക് സ്വാഗതം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ രണ്ടുപേരെ മുഖ്യമന്ത്രിമാരാക്കി. രേഖാ ഗുപ്‌ത മുഖ്യമന്ത്രി. അവരുടെ ഭർത്താവ് സൂപ്പർ മുഖ്യമന്ത്രി. ആറുമാസംകൊണ്ട് ബിജെപി ഡൽഹിയെ നശിപ്പിച്ചു അദ്ദേഹം പരിഹസിച്ചു. ഡൽഹി സർക്കാരിനെ ആരാണ് നയിക്കുന്നത്. രേഖാ ഗുപ്‌തയാണോ അതോ അവരുടെ ഭർത്താവോ എന്നായിരുന്നു കോൺഗ്രസിൻ്റെ വിമർശനം.

Read more

അതേസമയം, സർക്കാർ യോഗത്തിൽ മനീഷ് ഗുപ്‌ത പങ്കെടുത്തതിൽ യാതൊരു തെറ്റുമില്ലെന്ന വാദവുമായി ബിജെപി രംഗത്തെത്തി. ഷാലിമാർബാഗിലെ കാര്യങ്ങൾ ഒരു സാമൂഹികപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധിക്കുന്നയാളാണ് മനീഷെന്നും അദ്ദേഹം ജനങ്ങളുടെ പ്രതിനിധി സംഘത്തെ നയിച്ചത് അദ്ദേഹമാണെന്നും ഡൽഹി ബിജെപി നേതാവ് ഹർഷ് ഖുറാന പറഞ്ഞു. ഒരു പ്രതിനിധി എന്ന നിലയ്ക്ക് അദ്ദേഹത്തിന് അവിടെ ഇരിക്കാം. ഉദ്യോഗസ്ഥർക്കുവേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല അത്. കുറച്ചു താമസക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.