രാജ്യസഭ തിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ ജയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ നാല് സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് പോകുക. ഘനശ്യാം തിവാരിയാണ് ബിജെപിയുടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിുടെ ബിജെപി എംഎല്‍എ ശോഭ റാണി ഖുശ്വാഹ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. ബിജെപി അറിവോടെയായിരുന്നു സുഭാഷ് ചന്ദ്ര മത്സരത്തിനിറങ്ങിയത്.

നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ നാല് സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്.

ഒഴിവുവന്ന 57 സീറ്റുകളില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉള്‍പ്പെടെ 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസിന് വോട്ടുചെയ്തു. ജെഡിഎസിന്റെ മറ്റൊരു എംഎല്‍എയായ എസ്.ആര്‍ ശ്രീനിവാസ് ആര്‍ക്കും വോട്ടുചെയ്യാതെ അസാധുവാക്കി.