മഹാരാഷ്ട്രയിലെ വോട്ടിങ് യന്ത്രത്തില്‍ സംശയം; എംഎന്‍എസ് നേതാവിന്റെ ഗ്രാമത്തില്‍ നിന്നും ഒറ്റവോട്ടുപോലും ലഭിച്ചില്ല; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ നവനിര്‍മാണ്‍സേന നേതാവ് രാജ് താക്കറെ. ഫലപ്രഖ്യാപനദിവസം മഹാരാഷ്ട്രയിലുടനീളം അസാധാരണ നിശ്ശബ്ദതയായിരുന്നു. ആഘോഷങ്ങളൊന്നും വേണ്ടവിധത്തില്‍ നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുനേടിയ ശരദ് പവാറിന്റെ എന്‍സിപി.ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും പത്തുസീറ്റാണ്. എന്നാല്‍, ഒരു ലോക്സഭാ സീറ്റില്‍ വിജയിച്ച അജിത് പവാര്‍ വിഭാഗം വിജയിച്ചത് 42 സീറ്റില്‍. ഇത് എങ്ങനെ സാധിച്ചുവെന്ന് അദേഹം ചോദിച്ചു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പുഫലങ്ങള്‍ അദ്ഭുതപ്പെടുത്തി. തന്റെ പാര്‍ട്ടിയുടെ ഒരു നേതാവിന്റെ ഗ്രാമത്തില്‍നിന്ന് അദ്ദേഹത്തിന് ഒറ്റവോട്ടുപോലും ലഭിക്കാത്തതില്‍ സംശയമുണ്ടെന്നും അദേഹം വ്യക്തമാക്കി.
കല്യാണില്‍ നിലവിലുള്ള എംഎല്‍എ രാജു പാട്ടീല്‍ ആയിരുന്നു എംഎന്‍എസ് സ്ഥാനാര്‍ഥി. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ 1400 വോട്ടര്‍മാരുണ്ടെങ്കിലും ഒരുവോട്ടുപോലും പാട്ടീലിന് ലഭിച്ചില്ല. ഇതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ദയനീയപരാജയം തന്നെ ബാധിച്ചിട്ടില്ലെന്നും പാര്‍ട്ടിഘടന മാറ്റംവരുത്തി ശക്തിപ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

ബി.ജെ.പി. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അഴിമതിക്കാരെയാണെന്നും താക്കറെ പറഞ്ഞു. 70,000 കോടിയുടെ അഴിമതി നടത്തിയവരെ ജയിലിലടയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ജലസേചന അഴിമതി നേരിട്ട അജിത് പവാര്‍ ഇപ്പോള്‍ മന്ത്രിസഭയിലാണെന്നും അദേഹം കുറ്റപ്പെടുത്തി.