കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ, റാലിയും പ്രകടനങ്ങളും സംഘടിപ്പിക്കും

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി റെയില്‍വെ ജീവനക്കാരുടെ രണ്ട് യൂണിയനുകള്‍ രംഗത്ത്. ഓള്‍ ഇന്ത്യ റെയില്‍വെ മെന്‍സ് ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) എന്നിവ തിങ്കളാഴ്ചത്തെ കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. കര്‍ഷകരെ പിന്തുണച്ചു കൊണ്ട് ചൊവ്വാഴ്ച റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എഐആര്‍എഫ് ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്ര സിംഗുവിലെത്തി സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും ഡിസംബര്‍ എട്ടിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂണിയനിലെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയതായി മിശ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ റാലിയും പ്രകടനങ്ങളും സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ഷകരുടെ ന്യായമായ പ്രശ്‌നങ്ങള്‍ എത്രയും വേഗം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ അതിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എഫ്‌ഐആര്‍ ജനറല്‍ സെക്രട്ടറി എം. രാഘവയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ റെയില്‍വെ കുടുംബാംഗങ്ങള്‍ അന്നദാതാക്കള്‍ക്കൊപ്പം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

13 ലക്ഷത്തോളം റെയില്‍വെ ജീവനക്കാരും 20 ലക്ഷത്തോളം വിരമിച്ച ജീവനക്കാരും രണ്ട് യൂണിയനുകളിലും അംഗങ്ങളായുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു എന്നിവയും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസും നേരത്തെ തന്നെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15-ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കും. നഗരങ്ങളിൽ ഉള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധിച്ച് അടക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.