ഇന്ധന നികുതിയുടെ 68 ശതമാനം വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍, എന്നിട്ടും കുറ്റം സംസ്ഥാനങ്ങള്‍ക്ക്: രാഹുല്‍ ഗാന്ധി

പിടിവിട്ട് കുതിക്കുന്ന ഇന്ധനവിലയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി നിലപാട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധന നികുതിയുടെ 68 ശതമാനം വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ഉയര്‍ന്ന ഇന്ധനവിലയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു, കല്‍ക്കരി ക്ഷാമത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു, ഓക്സിജന്‍ ക്ഷാമത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു. ഇന്ധന നികുതിയുടെ 68 ശതമാനം വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നിട്ടും പ്രധാനമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. മോദിയുടെ ഫെഡറലിസം സഹകരണമല്ല. ബലംപ്രയോഗിക്കലാണ്’ രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

എക്സൈസ് തീരുവ കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് തീരുവ കുറയ്ക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.

വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നികുതികുറയ്ക്കാന്‍ തയ്യാറായിട്ടില്ല.