'സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാകണം'; ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

പ്രവാചക നിന്ദ പരാമർശം നടത്തിയ ബിജെ പി നൂപുർ ശർമ്മയെ പിന്തുണച്ചെന്ന് ആ​രോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു. ഉദയ്പൂരിലെ കൊലപാതകം തന്നെ ഞെട്ടിച്ചുവെന്നും മതത്തിന്റെ പേരിലുള്ള ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ലന്നും രാഹുൽ പറഞ്ഞു. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം ഫെയ് സ്ബുക്കിൽ കുറിച്ചു.

”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ ദുഷ്പ്രവണതയുമായി തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഉടൻ തന്നെ കർശനമായി ശിക്ഷിക്കണം. വിദ്വേഷത്തെ നമ്മളെല്ലാം ഒരുമിച്ചുനിന്ന് തോൽപ്പിക്കണം. സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു”-രാഹുൽ ഗാന്ധി പറഞ്ഞു.

നൂപുർ ശർമ്മയെ പിന്തുണച്ചെന്ന ആരോപണത്തെ തുടർന്ന് ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരിലെ മാൾഡാസ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. പട്ടാപ്പകൽ കടയിൽ ഷർട്ടിന് അളവെടുക്കാനെന്ന വ്യാജേന എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടിയിരുന്നു.