രാജ്യസഭ നിയന്ത്രിക്കാന്‍ പി.ടി ഉഷയും; വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ ഉള്‍പ്പെടുത്തി; രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യം

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയും ലോകപ്രശസ്ത അത്‌ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്.

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിവാദ പരാമര്‍ശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി. രാജ്യത്തിന് വേണ്ടി ബിജെപിക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.

രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശമാണ് ബിജെപി ആയുധമാക്കിയത്. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ ഖര്‍ഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ബഹളം വെച്ചു. പ്രതിപക്ഷവും തിരിച്ചടിച്ചതോടെ സഭ പ്രക്ഷുബ്ദമാവുകയായിരുന്നു.