പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം

പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സിഇആര്‍ടി- ഇന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തന്റെ മക്കളായ മിരായ വദ്ര (18) യുടെയും റൈഹാന്‍ വദ്രയുടെ(20)യും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തതായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഫോണ്‍ ചോര്‍ത്തലിന് പുറമേ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പോലും അവര്‍ ഹാക്ക് ചെയ്യുകയാണ്. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ അന്വേഷണം നടത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.

യോഗി സര്‍ക്കാര്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അഖിലേഷ് അധികാരത്തിലിരിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും ചെയ്തിരിക്കാം, അതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്ന യോഗി ആദിത്യനാഥും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

പെഗാസസ് സ്‌പൈവെയര്‍ പ്രശ്‌നം പരസ്യമായത് മുതല്‍ നിയമവിരുദ്ധമായ ഫോണ്‍ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്കും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു. ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒയില്‍ നിന്നുള്ള സ്‌പൈവെയറായ പെഗാസസിന്റെ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ പ്രിയങ്കയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.