എത്രയൊക്കെ ലാളിത്യം പറഞ്ഞാലും കല്യാണം കാര്യമായി നടത്തണമെങ്കിൽ കയ്യിൽ കാശ് തന്നെ വേണം. താലിമാല മുതൽ സദ്യവരെ എത്ര ചുരുക്കിയാലും കയ്യിൽ നിന്ന് നല്ലൊരു തുക ചെലവാകും. അത്രയും പണം കണ്ടെത്താനില്ലാത്തത് കൊണ്ട് തന്നെ വിവാഹ സ്വപ്നങ്ങൾ വൈകുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ഇപ്പോഴിതാ വിവാഹം നടത്താനും ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് വാർത്ത.
‘മാരി നൗ പേ ലേയ്റ്റർ’ (MNPL) എന്ന പദ്ധതിയുമായി ഒരു മാസം മുൻപ് തുടങ്ങിയ കമ്പനിയാണ് ഷാദിഫൈ. 21 വയസിന് മേൽ പ്രായമുള്ള, ജോലി ഉള്ളതോ, സ്വയം തൊഴിൽ ചെയ്യുന്നതോ ആയ ആർക്കും ഷാദിഫൈ വെബ്സൈറ്റ് വഴി വായ്പക്ക് അപേക്ഷിക്കാം. 650ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് വായ്പക്ക് അർഹതയുണ്ട്. 10 മുതൽ 13 ശതമാനം വരെയാണ് പലിശ നിരക്ക്. ബാങ്ക് വായ്‌പയെക്കാൾ കുറവാണിതെന്നാണ് അവകാശവാദം.
25000 മുതൽ 25 ലക്ഷം വരെ വായ്പക്ക് അപേക്ഷിക്കാം. 72 മാസം വരെയാണ് തിരിച്ചടവിനുള്ള പരമാവധി വായ്പകാലാവധി. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ വായ്പ ലഭിക്കും. വായ്പക്ക് പുറമെ ആവശ്യക്കാരെ വെഡിങ് പ്ലാനേഴ്‌സുമായി ബന്ധിപ്പിക്കും.കല്യാണങ്ങൾ നടത്താൻ വെഡിങ് പ്ലാനേഴ്‌സിനെ സമീപിക്കുന്ന ട്രെൻഡിന് പുറമെയാണ് വിവാഹ ചിലവുകൾക്കുള്ള തുക കണ്ടെത്താനുള്ള ഈ സേവനം.
Read more
പദ്ധതി തുടങ്ങി ഒരു മാസമാകുമ്പോഴേക്കും പ്രതിദിനം 300 ഓളം പേരാണ് ഷാദിഫൈയിൽ വിവാഹ വായ്പയെക്കുറിച്ച് അന്വേഷിക്കാൻ വിളിക്കുന്നതെന്ന് കമ്പനി ഉടമ അൽക്ക തിവാരി പറയുന്നു. കേരളത്തിൽ നിന്നും 15 -20 പേർ ദിവസേന വിളിക്കാറുണ്ടത്രേ. എന്നാൽ ഇത്തരം വായ്പകൾ വാങ്ങുന്നതിന് മുൻപ് വരുംവരായ്കകളെക്കുറിച്ച് ആലോചിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കിയിട്ട് മാത്രമേ ഇത്തരം വായ്പകൾ എടുക്കാവൂ എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.