വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; നാരീശക്തി വന്ദന്‍ നിയമം യാഥാര്‍ത്ഥ്യത്തിലേക്ക്

വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. നാരീശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പാര്‍ലമെന്റ് പാസാക്കിയ ഇരു ബില്ലുകള്‍ക്കും രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമായി. സെപ്റ്റംബര്‍ 20ന് ആയിരുന്നു പാര്‍ലമെന്റിന്റെ ഇരു സഭകളും ബില്ല് പാസാക്കിയത്.

ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് രാജ്യസഭയിലും ലോകസഭയിലും പാസായത്. പാര്‍ലമെന്റ് വിളിച്ച് ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലായിരുന്നു ബില്ല് പാസാക്കിയത്. രാജ്യസഭയില്‍ 215 പേര്‍ അനുകൂലിച്ച ബില്ലിനെ ആരും തന്നെ എതിര്‍ത്തിരുന്നില്ല. നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും വനിതാ സംവരണ ബില്ല് എന്ന് എപ്പോള്‍ നടപ്പാക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.

2026ലെ സെന്‍സസ് നടപടികളും മണ്ഡല പുനഃക്രമീകരണവും ഉള്‍പ്പെടെ നടപ്പിലാക്കാനുണ്ട്. ഇവ പൂര്‍ത്തിയായാല്‍ മാത്രമേ വനിതാ സംവരണ ബില്ല് നിലവില്‍ വരൂ. 2029ലെ ലോകസഭ തിരഞ്ഞെടുപ്പോടെയാവും വനിതാ സംവരണ ബില്ല് പൂര്‍ണ്ണമായും നിലവില്‍ വരുന്നത്. ഭരണഘടന ഭേദഗതിയായിട്ട് പോലും ചട്ടം 344 പ്രകാരമാണ് വനിതാ സംവരണ ബില്ല് പാസാക്കിയത്.