ചൈനയുമായും പാകിസ്ഥാനുമായും യുദ്ധം ചെയ്യാനുള്ള തിയതി നരേന്ദ്രമോദി തീരുമാനിച്ചു: യു.പി, ബി.ജെ.പി അ​ദ്ധ്യക്ഷൻ

പാകിസ്ഥാനുമായും ചൈനയുമായും ഇന്ത്യ യുദ്ധം ചെയ്യുമെന്നും ഇതിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായും ബിജെപിയുടെ ഉത്തർപ്രദേശ് അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ആക്ചവൽ ലൈൻ ഓഫ് കൺട്രോളിലെ സംഘർഷത്തിനിടയിലാണ് വെള്ളിയാഴ്ച സ്വതന്ത്ര ദേവ് സിംഗ് ഈ പരാമർശം നടത്തിയത്.

സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചതും ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പോലെ പാകിസ്ഥാനുമായും ചൈനയുമായും യുദ്ധം ആരംഭിക്കുന്നതിന്റെ കാര്യത്തിലും മോദി തീരുമാനമെടുത്തിട്ടുണ്ടെന്ന്​ സ്വതന്ത്ര ദേവ് സിംഗ്​ പറഞ്ഞു.

യുദ്ധത്തിനുള്ള തീയതി തീരുമാനിച്ചു എന്ന് സ്വതന്ത്ര ദേവ് ഹിന്ദിയിൽ പറയുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിൽ കേൾക്കാം. ബി.ജെ.പി എം.എൽ.എ സഞ്​ജയ്​ യാദവിന്റെ വീട്ടിൽ നടന്ന ചടങ്ങിലായിരുന്നു സ്വതന്ത്ര ദേവ് ഇക്കാര്യം പറഞ്ഞത്​.

തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടിയെയും ബഹുജൻ സമാജ് പാർട്ടി പ്രവർത്തകരെയും തീവ്രവാദികളുമായി സ്വതന്ത്ര ദേവ് താരതമ്യപ്പെടുത്തി. വീഡിയോ വിവാദമായതോടെ പ്രവർത്തകരുടെ ആത്​മവിശ്വാസം ഉയർത്താനാണ്​ അധ്യക്ഷൻ അത്തരം പ്രസംഗം നടത്തിയതെന്ന വിശദീകരണവുമായി ബി.ജെ.പി എം.പി രവീന്ദ്ര കുഷ്​വാഹ രംഗത്തെത്തി.

സ്വതന്ത്ര ദേവ് സിംഗിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ചൈനയുമായുള്ള അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച ആവർത്തിച്ചു. “ഒരിഞ്ച്” ഭൂമി പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.