ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് കമ്പിളി, പുതപ്പുകള്‍, തലയിണകള്‍ എന്നിവ കളവു പോകുന്നതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി റെയിൽവേ ഉദ്യോഗസ്ഥർ. ഡല്‍ഹി, ഒഡിഷ സംസ്ഥാനങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ എസി കോച്ചുകളില്‍ കമ്പിളി, പുതപ്പുകള്‍, തലയിണകള്‍ നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
നേരത്തെ ട്രെയിനുകളിൽ നിന്ന് കമ്പിളിയും പുതപ്പും തലയിണയും യാത്രക്കാര്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്, യാത്രക്കാർ ഇറങ്ങുമ്പോൾ ബെർത്തുകൾ പരിശോധിച്ച് കമ്പിളിയും പുതുപ്പുകളും തലയിണകളും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാര്‍ പുതപ്പുകളും തലയിണകളും എടുത്തുകൊണ്ടുപോകുന്നതിലൂടെ വര്‍ഷം തോറും 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടമുണ്ടാകാറുണ്ടെന്ന് റെയിൽവേ അധികൃതര്‍ പറയുന്നു.







