സ്‌ഫോടക വസ്തുക്കൾ കൊണ്ടു വന്ന് ... ഒറ്റയടിക്ക് കൊല്ലുക: ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി സുപ്രീം കോടതി

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നീക്കി വായുവിന്റെ ഗുണനിലവാരം ഉയർത്താൻ ശക്തമായ നടപടികളൊന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും വൈക്കോൽ കത്തിക്കുന്നതിനെതിരെ പഞ്ചാബ്, ഹരിയാന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്നും സപ്രീം കോടതി ആരോപിച്ചു.

“എന്തുകൊണ്ടാണ് ആളുകൾ ഗ്യാസ് ചേമ്പറുകളിൽ താമസിക്കാൻ നിർബന്ധിതരാകുന്നത്?” സുപ്രീം കോടതി ചോദിച്ചു. “എല്ലാവരേയും ഒറ്റയടിക്ക് കൊല്ലുന്നതാണ് നല്ലത്. 15 ബാഗുകളിലായി സ്‌ഫോടക വസ്തുക്കൾ എടുത്ത് ഒറ്റയടിക്ക് കൊല്ലുക. എന്തുകൊണ്ടാണ് ആളുകൾ ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത്?” ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.

പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ തുടർച്ചയായി വൈക്കോൽ കത്തിക്കുന്നതായി സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഡൽഹിയിലെ മലിനീകരണം മൂലം ദശലക്ഷക്കണക്കിന് പൗരന്മാരുടെ ആയുസ്സ് കുറഞ്ഞുവെന്നും ആളുകൾ ശ്വാസംമുട്ടുകയാണെന്നും കോടതി പറഞ്ഞു.

“നിങ്ങൾക്ക് ആളുകളോട് ഇതുപോലെ പെരുമാറാനും മലിനീകരണം മൂലം കൊല്ലാൻ വിടാനും കഴിയുമോ?” ബെഞ്ച് ചോദിച്ചു.

“നിങ്ങളുടെ സംസ്ഥാനത്തെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയാത്തതിന് ഞങ്ങൾ എന്തുകൊണ്ട് പിഴ ചുമത്തരുതെന്ന് നിങ്ങൾ വിശദീകരിക്കണം. ഞങ്ങളുടെ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും അത് വീണ്ടും സംഭവിച്ചു.” പഞ്ചാബ് ചീഫ് സെക്രട്ടറിയോട് പരമോന്നത കോടതി ചോദിച്ചു.

വൈക്കോൽ കത്തിക്കൽ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ കത്തിക്കൽ ഇപ്പോഴും തുടരുന്നുണ്ടോ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. സംസ്ഥാനത്ത് ഇപ്പോഴും വൈക്കോൽ കത്തിക്കുന്ന ചില സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി പറഞ്ഞു.

“കത്തിക്കലിന്റെ എണ്ണം നോക്കൂ. ആ കാരണത്താലാണ് ഞങ്ങൾ നിങ്ങളെ വിളിപ്പിച്ചത്. എന്തുകൊണ്ടാണ് ഇത് നടക്കുന്നത്?” ബെഞ്ച് ചോദിച്ചു.

ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കുമറിയാം … എല്ലാ വർഷവും ഇത് നടക്കുന്നു … നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ അടുത്ത വർഷവും ഇത് നടക്കും, “ബെഞ്ച് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വൈക്കോൽ കത്തിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിന് ഹരിയാന ചീഫ് സെക്രട്ടറിയെയും സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ജീവൻ പഴയപോലെ വിലകുറഞ്ഞ ഒന്നല്ല. ഭോപ്പാൽ വാതക ദുരന്തത്തിൽ നഷ്ടപരിഹാരമായി നൽകിയ തുക ലോകമെമ്പാടുമുള്ള സമാന കേസുകളിൽ ഇരകൾക്ക് നൽകിയതുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ല. ജനങ്ങളെ നന്നായി സേവിക്കാൻ കഴിയുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർക്ക് കസേരയിൽ ഇരിക്കാൻ അവകാശമില്ല, രണ്ട് ചീഫ് സെക്രട്ടറിമാരെയും ശകാരിച്ചു കൊണ്ട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

മലിനീകരണം നേരിടാൻ ഡൽഹിയിലുടനീളം സ്ഥിരമായി വായു ശുദ്ധീകരണ ടവറുകൾ സ്ഥാപിക്കുന്നതിന് അഭിപ്രായവ്യത്യാസങ്ങൾ മാറ്റി വച്ച് 10 ദിവസത്തിനുള്ളിൽ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്ര, ഡൽഹി സർക്കാരുകളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.