മുഴുവൻ ഹർജികളും തള്ളി, 'പദ്മാവതി'ന് നിരോധനമില്ല; വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

വിവാദ ചിത്രം പദ്മാവതിനെതിരായ മുഴുവൻ ഹർജികളും സുപ്രീം കോടതി തള്ളി. ചി​ത്രത്തിന്റെ പ്ര​ദ​ർ​ശ​നം വിലക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം തള്ളി.

സിനിമ ഇഷ്ടമല്ലെങ്കിൽ അങ്ങനെയുള്ളവർ ചിത്രം കാണേണ്ടെന്നും കോടതി പറഞ്ഞു. ചീ​ഫ് ജ​സ്​​റ്റി​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെഞ്ചാണ് ഹർജി പ​രി​ഗ​ണി​ച്ചത്. സുപ്രീംകോടതി ഈ കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ചിത്രം സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ലഭിച്ചതാണ്. ഇനി ക്രമസമാധാനം ചൂണ്ടിക്കാട്ടി ചിത്രം നിരോധിക്കണമെന്ന് ആവ‍ശ്യപ്പെട്ട് ജനങ്ങളും സംസ്ഥാനങ്ങളും മുന്നോട്ടുവരുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

Read more

ചിത്രം പ്രദർശിപ്പിക്കണോ എന്ന് തീരുമാനിക്കാൻ രാജ്യത്ത് ഒരു സെൻസർ ബോർ‌ഡ് ഉണ്ടെന്നും, ബോർഡ് നൽകിയ അനുമതി കോടതി നേരത്തെ ശരിവച്ചതാണെന്നും പ്രതിഷേധമുയർത്തുന്നവർ മനസിലാക്കുന്നത് നല്ലതാണെന്നും കോടതി ഓർമിപ്പിച്ചു. സതി ആചാരത്തെ ചിത്രത്തിൽ മഹത്വവത്കരിക്കുന്നുണ്ടെന്നും ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ചിത്രത്തിനെതിരെ വൻതോതിലുള്ള പ്രതിഷേധമുയർന്നത്.