പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികൻ എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. തിരിച്ചടിയുടെ വാർത്തകേട്ടപ്പോൾ സന്തോഷവും ആശ്വാസവും തോന്നിയെന്നും ആരതി പറഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത സാധാരണക്കാർക്ക് എതിരെ ആക്രമണം നടത്തുമ്പോൾ തിരിച്ചടി നൽകേണ്ടത് ഈ രീതിയിൽ തന്നെ ആണെന്നും ആരതി പ്രതികരിച്ചു.
” ഒരു തെറ്റ് പോലും ചെയ്യാത്ത സാധാരണക്കാർ ആണ് അന്ന് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അത് ചെയ്തവർക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകേണ്ടത് അത്യാവശ്യമാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരാണ് ഏറ്റവും നല്ലത്. ഒരുപാട് അമ്മമാരുടെ സിന്ദൂരം മായിച്ചു കളഞ്ഞ ആക്രമണം നടത്തിയ ഭീകരരെ ഇങ്ങനെ തന്നെ ആക്രമിക്കണം. ഇതാണ് ഇന്ത്യ, പ്രധാനമന്ത്രിക്കും സൈന്യത്തിനും നന്ദി.” ആരതി മാധ്യമങ്ങളോട് പറഞ്ഞു.
തിരിച്ചടിയിൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.
അതേസമയം ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Read more
സുരക്ഷമുൻനിർത്തി 10 വിമാനത്താവകലങ്ങളിൽ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.