പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷമുൻനിർത്തി 10 വിമാനത്താവകലങ്ങളിൽ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.
ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ഇന്ത്യ പാകിസ്ഥാന് അവ്യക്തമായ ഭാഷയിൽ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പുലർച്ചെ 1 : 28 നായിരുന്നു എക്‌സിൽ ഇന്ത്യൻ കരസേനയുടെ പോസ്റ്റ് വന്നത്. അതിൽ അവർ ഇങ്ങനെ കുറിച്ചു: “ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവർ” കരസേനാ എഡിജിപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് വന്ന് തയാറെടുപ്പുകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാന് തിരിച്ചടി കിട്ടുക ആയിരുന്നു.
Read more
16 മിനിറ്റുകൾ കൂടി കഴിഞ്ഞ് 1 : 44 നാണ് ഇന്ത്യയുടെ ആക്രമണം വന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലാണ് നടന്നത്.