ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് 40ല്‍ ഏറെ പൊള്ളല്‍; ഇരുമ്പ് കമ്പി ചൂടാക്കി വച്ചത് ന്യുമോണിയ മാറാന്‍

ന്യുമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് കമ്പി ചൂടാക്കി വച്ച പ്രസവ ശുശ്രൂഷയ്‌ക്കെത്തിയ ആയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലാണ് സംഭവം നടന്നത്. രോഗം മാറാനെന്ന പേരില്‍ നാല്‍പ്പതിലധികം തവണയാണ് പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് ചൂടാക്കിയ ഇരുമ്പ് കമ്പി വച്ചത്.

നിരവധി തവണ കമ്പി ചൂടാക്കി വച്ചതോടെ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി ഏറെ വഷളായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞിന്റെ വയറിലും കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലുമായി നാല്‍പ്പതിലേറെ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് പ്രസവ ശുശ്രൂഷയ്‌ക്കെത്തിയ ആയ ബൂട്ടി ബായ് ബൈഗ, കുഞ്ഞിന്റെ അമ്മ ബെല്‍വതി ബൈഗ, മുത്തശ്ശന്‍ രജനി ബൈഗ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.