ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പദ്ധതിയുമായി നീതി ആയോഗ്

രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള പദ്ധതിയുമായി നീതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് നീതി ആയോഗിന്റെ പുതിയ പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ കുറവുകളും പരിഹരിക്കാനുള്ള നീക്കമെന്ന നിലയിലാണ് പുതിയ പദ്ധതി കൊണ്ടു വരുന്നത്. നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചെലവ് ക്രമീകരിക്കാനാവുമെന്നുമാണ് കരുതുന്നത്. മെഡിക്കല്‍ കോളജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന അതത് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും.

ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് രോഗികളില്‍ നിന്ന് ഈടാക്കുക. പകുതി കിടക്കകള്‍ക്ക് സ്വകാര്യമേഖലയിലെ നിരക്കാവും വാങ്ങുക. സൗജന്യ ചികിത്സയ്ക്ക് അര്‍ഹരായവര്‍ക്ക് സബ്സിഡി നിരക്കില്‍ ചികിത്സ നല്‍കും. ഇതാണ് പ്രധാന നിര്‍ദേശം. ഏറക്കുറേ 50: 50 അനുപാതത്തിലായിരിക്കും ഇത് വിഭജിക്കുക.

Read more

പുതിയ പദ്ധതിയുടെ കരട് നീതി ആയോഗ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. സ്വകാര്യമേഖലയില്‍ നിന്നുള്ള പങ്കാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച ശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും. പുതിയ പദ്ധതിയിലൂടെ മെഡിക്കല്‍ കോളജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്നങ്ങളും ഒരുപോലെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.