ഉത്തര്‍പ്രദേശിലെ മുസ്ലിം സ്ത്രീകള്‍ എന്നെ പുകഴ്ത്തുന്നത് പലരേയും അസ്വസ്ഥരാക്കുന്നു; നരേന്ദ്ര മോദി

ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറും വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാനുള്ള ഒരു ശ്രമവും യുപിയില്‍ ഫലം കാണാന്‍ പോകുന്നില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ആരോണോ യോഗ്യര്‍ അവരെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രി പുകഴ്ത്തുകയാണ്. മുത്തലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മുസ്ലിം വനിതകള്‍ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതയാണെന്നും അദ്ദേഹം പരിഹസിച്ചു. സഹരന്‍പുറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത് എന്ന കാര്യം ജനങ്ങളുടെ മനസ്സിലുണ്ടാകും. ഉത്തര്‍പ്രദേശില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യവും ബിജെപി സര്‍ക്കാര്‍ യുപിയില്‍ ഉണ്ടാക്കിയെന്നും മോദി വ്യക്തമാക്കി.