മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ നാലു പേർ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അതിനിടെ, മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ‘ഓപ്പറേഷന്‍’ വിജയമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രിയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ എം.ബി.എ. വിദ്യാര്‍ഥിനി മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവര്‍ മൈസൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും ഇതില്‍ മൂന്നുപേര്‍ മലയാളികളാണെന്നും ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും പോലീസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ, ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തി.
Read more
മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നായിരുന്നു വിവരം. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനായി കര്‍ണാടകയില്‍നിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം തന്നെ കേരളത്തില്‍ എത്തിയതായാണ് വിവരം. ഇതിനുപിന്നാലെയാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായെന്ന സൂചനയും പുറത്തുവരുന്നത്. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്