കർഷകരുടെ ട്രാക്ടർ റാലി ഇന്ന്; ഒരു ലക്ഷം ട്രാക്ടറുകളിലായി നാല് ലക്ഷത്തിൽ അധികം പേർ, കര്‍ശന സുരക്ഷ

കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ റാലി ഇന്ന്. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകശക്തി വിളിച്ചോതുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ റാലി ആരംഭിക്കുക.

ഡല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.

ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

പുറത്ത് നിന്ന് ആളുകൾ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാൽ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡൽഹി പിടിച്ചടക്കുകയല്ല, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുകയാണ് ട്രാക്ടർ പരേഡിന്റെ ലക്ഷ്യമെന്ന് കർഷകർ പറഞ്ഞു.

അതേ സമയം ഫെബ്രുവരി ഒന്നിന് പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാൻ പുതിയ സമര പരിപാടികളിലേക്ക് കടക്കുകയാണ് കർഷകർ.