ഗുരു തേജ് ബഹാദൂറിന്റെ സ്മരണയുമായി മോദി ചെങ്കോട്ടയിൽ പുതിയ ചരിത്രം എഴുതും

ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാന്നൂറാം ജന്മ വാര്‍ഷികത്തില്‍ തന്റെ പ്രസംഗത്തിലൂടെ ചെങ്കോട്ടയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കാണ് പ്രസംഗം. ഈ പ്രസംഗത്തോടെ നരേന്ദ്രമോദി സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും.

വ്യാഴാഴ്ച ചെങ്കോട്ടയിലെ പുല്‍ത്തകിടിയില്‍ നിന്നു കൊണ്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ അല്ലാതെ ചെങ്കോട്ടയില്‍ മോദി പ്രസംഗിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ചെങ്കോട്ടയുടെ കവാടത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിമാര്‍ ആശംസ നേര്‍ന്ന് പ്രസംഗിക്കാറുള്ളത്.

Read more

‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും’ എന്ന വിഷയത്തിലാണ് വ്യാഴാഴ്ച നടത്തുന്ന പ്രസംഗം. ചെങ്കോട്ടയില്‍ നിന്നാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ് 1675 ല്‍ ഗുരു തേജ് ബഹദൂറിനെ വധിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇക്കാരണം കൊണ്ടാണ് ഗുരു തേജ് ബഹദൂറിന്റെ ജന്മ വാര്‍ഷികത്തില്‍ ചെങ്കോട്ട തന്നെ പ്രസംഗത്തിനായി പ്രധാനമന്ത്രി തിരഞ്ഞെടുത്തത്.