തിരഞ്ഞെടുപ്പായാൽ താടി, തമിഴ്‌നാട്ടിൽ ലുങ്കി, നൂറായിരം തൊപ്പി.. മോദിയുടെ പുറംമോടി കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം?- കെ.സി.ആർ

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് വസ്ത്രം ധരിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍). കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കാതലില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി കെസിആര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘തിരഞ്ഞെടുപ്പ് സമയമായാല്‍ താടി വളര്‍ത്തി രവീന്ദ്രനാഥ് ടാഗോറിനെപ്പോലെ പ്രത്യക്ഷപ്പെടും. തമിഴ്നാടാണെങ്കില്‍ ലുങ്കി ധരിക്കും. ഇതെന്താണ്… ഇത്തരം കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം. പഞ്ചാബ് തിരഞ്ഞെടുപ്പാണെങ്കില്‍ തലപ്പാവ് ധരിക്കും. മണിപ്പൂരില്‍ മണിപ്പൂരി തൊപ്പി, ഉത്തരാഖണ്ഡില്‍ മറ്റൊരു തൊപ്പി. ഇതുപോലെ എത്ര തൊപ്പികള്‍? – ചന്ദ്രശേഖര റാവു ചോദിച്ചു.

എല്ലാം പുറംമോടി മാത്രമാണെന്നും ഉള്ളിലൊന്നുമില്ലെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന്റെ ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാണിത്തുന്ന ‘ഗുജറാത്ത് മോഡലിനെ’ പരിഹസിച്ചുകൊണ്ട് കെസിആര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ വിദഗ്ദ്ധമായി ഉപയോഗിച്ചുകൊണ്ട് ഒരു നുണ വീണ്ടും വീണ്ടും പറഞ്ഞ് ആളുകളെ ഇതുവരെ വിഡ്ഢികളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അവര്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.