കാണാതായ യുപി പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ പെട്ടിയിൽ

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ  പെട്ടിക്കുള്ളിൽ അടച്ചിട്ട നിലയിൽ കണ്ടെത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ഹാപൂർ പോലീസ് എസ്പി സർവേഷ് കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇതും ഒരു ബലാത്സംഗക്കേസാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പോസ്റ്റ്‌മോർട്ടം ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നലെ ഒരു പെൺകുട്ടിയെ കാണാതായതായി ഞങ്ങൾക്ക് പരാതി കിട്ടി. ഇന്ന് അയൽവാസിയുടെ വീട്ടിൽ നിന്ന് അസുഖകരമായ ദുർഗന്ധം വമിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരു സംഘത്തെ അയച്ചെങ്കിലും മുൻവശത്തെ വാതിൽ പൂട്ടിയതായി കണ്ടെത്തി. പൂട്ട് തകർത്ത് ഞങ്ങൾ ഫീൽഡ് യൂണിറ്റുമായി കെട്ടിടത്തിലേക്ക് പ്രവേശിച്ചു.,” സർവേഷ് കുമാർ മിശ്ര പറഞ്ഞു.

“കെട്ടിടത്തിൽ പ്രവേശിച്ച് പരിശോധിച്ചപ്പോൾ, ഒരു ട്രങ്കിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെടുത്തു, പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് നിന്നുള്ള നാടകീയമായ വീഡിയോകളിൽ, പ്രതിയെ കൊണ്ടുപോകുമ്പോൾ രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുന്നതു കാണാം. എന്നാൽ, പൊലീസ് ഇയാൾക്ക് ചുറ്റും ഒരു കവചം ഉണ്ടാക്കുകയും ഇദ്ദേഹത്തിനെ ആൾക്കൂട്ടം കൊല്ലുന്നതിന് മുമ്പ് കൊണ്ടുപോകുകയും ചെയ്യുന്നു. പെൺകുട്ടിയുടെ മൃതദേഹം ലോഹത്തിന്റെ ഒരു വലിയ ട്രങ്ക് പെട്ടിക്കുള്ളിൽ വസ്ത്രങ്ങളോടൊപ്പം അടച്ചിട്ടിരിക്കുന്ന നിലയിൽ മറ്റ് ചില വീഡിയോകളിൽ കാണാം.

വ്യാഴാഴ്‌ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, മകൾ തന്നോട് 5 രൂപ ചോദിച്ചപ്പോൾ പണം നൽകി, അതിനുശേഷം അവൾ കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി. വൈകുന്നേരം 5.30 ഓടെയായിരുന്നു ഇത് എന്ന് അദ്ദേഹം പറഞ്ഞു.

“അന്ന് വൈകുന്നേരം മുഴുവൻ അവൾ തിരിച്ചെത്തിയില്ല. വിഷമത്തിലായ ഞങ്ങൾ രാത്രി മുഴുവൻ അവളെ തിരഞ്ഞു. പിറ്റേന്ന് (വെള്ളിയാഴ്ച) ഞങ്ങൾ പൊലീസിൽ പരാതി നൽകി, വീണ്ടും ദിവസം മുഴുവൻ അവളെ തിരഞ്ഞു,” അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ, പ്രതി തന്റെ മകളെ ആദ്യം മോട്ടോർ ബൈക്കിൽ കയറ്റി പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി പിതാവ് പറഞ്ഞു.