തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍; പതഞ്ജലിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പതഞ്ജലിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതിയുടെ വിമര്‍ശനം. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങളില്‍ പതഞ്ജലിയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.

അതേ സമയം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് പതഞ്ജലി തുടര്‍ന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ സുപ്രീംകോടതി ഇടപെടും. ബാബാ രാംദേവിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ബാബാ രാംദേവ് സന്യാസിയാണെന്നായിരുന്നു പതഞ്ജലിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ അതിനിവിടെ പ്രാധാന്യമില്ലെന്ന് കോടതി അറിയിച്ചു. ഹര്‍ജിയില്‍ നേരത്തെ കോടതി കേന്ദ്ര ആരോഗ്യ ആയുഷ് മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

പ്രമേഹം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിച്ച് മുഖ്യധാര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ക്ക് വലിയ തോതില്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു പരസ്യം. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.