നവംബര്‍ 23ന് നിരവധി വിവാഹങ്ങളും ഒത്തുചേരലുകളും; രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് തീയതി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് തീയതിയില്‍ പുനഃക്രമീകരണം. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് നടത്താന്‍ ആയിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് തീയതി മാറ്റിയത്. പുതിയ തീരുമാന പ്രകാരം നവംബര്‍ 25ന് ആവും തിരഞ്ഞെടുപ്പ് നടക്കുക.

അതേ സമയം ഡിസംബര്‍ 3ന് നടത്തുന്ന വോട്ടെണ്ണലിന് മാറ്റമില്ല. നവംബര്‍ 23 ദേവ് ഉഠാനി ഏകാദശി എന്ന വിശേഷപ്പെട്ട ദിനമാണ്. ഈ ദിവസം സംസ്ഥാനത്ത് അനവധി വിവാഹങ്ങളും ഒത്തുചേരലുകളും ഉണ്ടാകാനിടയുള്ളതിനാലാണ് തീയതിയില്‍ മാറ്റം വരുത്തിയത്. അന്നേ ദിവസം സംസ്ഥാനത്ത് 50,000ല്‍ അധികം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്ക്.

ദേവ് ഉഠാനി ഏകാദശി ദിനത്തില്‍ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിന് എത്താന്‍ സാധ്യത കുറവായതിനാലാണ് തീയതി മാറ്റിയത്. നവംബര്‍ 6വരെ തിരഞ്ഞെടുപ്പ് നോമിനേഷന്‍ സമര്‍പ്പിക്കാം. നവംബര്‍ 7വരെയാണ് നോമിനേഷന്‍ പരിശോധിക്കുക. ഒന്‍പത് വരെ നോമിനേഷന്‍ പിന്‍വലിക്കാം. നിലവില്‍ 108 സീറ്റുകളുമായി കോണ്‍ഗ്രസാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.