അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയുടെ റൂട്ടിൽ മാറ്റം

കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണമാണ് സർക്കാർ അനുമതി നിഷേധിച്ചത്. 14 ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും യാത്ര ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

സർക്കാർ നിലപാട് പ്രതികൂലമായതോടെ ഉദ്ഘാടന വേദി സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. എന്നാൽ പിന്നീട് യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി അറിയിച്ചു. ഇതോടെ മെയ്തെയ് നഗര മേഖലയായ ഇംഫാലില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ യാത്ര കുറേക്കൂടി ഗോത്രമേഖലക്ക് അടുത്തേക്കാണ് നീങ്ങുന്നുവെന്നതാണ് ശ്രദ്ധേയം .

കഴിഞ്ഞദിവസം ഉപാധികളോട് യാത്ര നടത്താനുള്ള അനുമതി മണിപ്പൂര്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നാല് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണം. ഇംഫാലില്‍ എവിടെയും നിയന്ത്രണങ്ങളോടെ മാത്രമേ പരിപാടി നടത്താവു എന്നതാണ് സർക്കാർ നിലപാട്. ഇതിനിടെ അസമിലും നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.