സിപിഎമ്മുമായി സഖ്യമില്ലെന്ന് മമത, തീവ്രവാദികളുടെ പാർട്ടിയെന്ന് ആരോപണം

പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മമത ബാനർജി. സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്നും അവർ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയ സാഹചര്യത്തിലാണ് പ്രതികരണം. സഖ്യത്തിനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയതിന് പിന്നാലെയാണ് തീവ്രവാദി പാര്‍ട്ടിയെന്നടക്കമുള്ള അധിക്ഷേപത്തോടെ മമത സഖ്യമില്ലെന്ന് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ബിജെപിയെ സഹായിക്കുന്നത് സിപിഎം ആണെന്നും ബംഗാള്‍ മുഖ്യമന്ത്രി ജയ്നഗറില്‍ ആരോപിച്ചു. അതേ സമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂടു പിടിക്കുകയാണ്. ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂർ ജില്ല നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ചർച്ചയോടെയാണ് തൃണമൂല്‍ കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും മമത ബാനർജി നേതൃ യോഗങ്ങളില്‍ പങ്കെടുക്കും.

സ്ഥാനാർത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ എന്നിവയാണ് പ്രധാനമായും ചർച്ച. 2019 ല്‍ ബിജെപി 18 സീറ്റ് നേടി നടത്തിയ കുതിപ്പ് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് കഠിനശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് സിപിഎമ്മുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് മമത പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസിനെതിരെ പ്രതികരണമൊന്നും നടത്താൻ അവർ തയ്യാറായില്ല.