'മഹാഭാരതവും രാമായണവും ഭാവന സൃഷ്ടി'; അധ്യാപികയെ പിരിച്ചുവിട്ട് കോൺവെന്റ് സ്‌കൂൾ

മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കർണാടകയിലെ മംഗളൂരുവിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ബിജെപി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി.

മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിൻ്റെ പിന്തുണയുള്ള സംഘം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും അധ്യാപിക സംസാരിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. 2002ലെ ഗോധ്ര കലാപത്തെ കുറിച്ചും ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസും അധ്യാപിക ക്ലാസിൽ സംസാരിച്ചു. ഇത് കുട്ടികളുടെ മനസിൽ വിദ്വേഷം വളര്‍ത്താനാണ് അധ്യാപിക ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ വേദ്യാസ് കാമത്തിൻ്റെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. എന്തിനാണ് ആ അധ്യാപികയെ സ്‌കൂളിൽ നിലനിര്‍ത്തുന്നത്? ‘നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനമാണ് ആഗ്രഹിക്കുന്നത്. രാമന് പാലഭിഷേകം നടത്തുന്നതിനെതിരെ അവര്‍ സംസാരിക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങളെ ആരെങ്കിലും വേദനിപ്പിച്ചാല്‍ നിങ്ങള്‍ നിശബ്ദരായി ഇരിക്കുമോ?’, ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് ചോദിക്കുന്നു.

ഏഴാം ക്ലാസിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോള്‍ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് അധ്യാപിക പറഞ്ഞതായാണ് രക്ഷിതാക്കള്‍ ആരോപിച്ചത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തുകയാണ്. സ്കൂളിന്റെ 60 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്ന് പറ‍ഞ്ഞാണ് അധ്യാപികയെ പുറത്താക്കിയിരിക്കുന്നത്.