ഒളിമ്പിക്‌സ് നടത്താന്‍ ഇന്ത്യ തയ്യാര്‍; അന്താരാഷ്ട്ര ഒളിമിക്സ് കമ്മിറ്റി സെഷനില്‍ ആതിഥേയത്വ താത്പര്യം അറിയിച്ച് പ്രധാനമന്ത്രി മോദി

2036ലെ ഒളിമ്പിക്‌സ് നടത്താന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താല്‍പ്പര്യം അറിയിച്ചത്. ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒളിംപിക്‌സ് ഇന്ത്യയില്‍ നടക്കുന്നത് കാണാന്‍ 140 കോടി ജനങ്ങള്‍ ആഗ്രഹിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ തയാറാണ്. ഇതിന് ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

40 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. വേദിയില്‍ സംസാരിച്ച ഐഒസി പ്രതിനിധി തോമസ് ബാച്ച് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു.

ഒളിംപിക്‌സില്‍ മെഡലുകള്‍ നേടുന്നതിന് മാത്രമല്ല, ഹൃദയങ്ങള്‍ ജയിക്കാനും സ്പോര്‍ട്ട്സ് മികച്ചൊരു മാര്‍ഗമാണ്. ഇത് ചാമ്പ്യനുകളെ വാര്‍ത്തെടുക്കുക മാത്രമല്ല, സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു.