നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം

ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍നത്തിനെതിരെ പ്രതിഷേധവുമായി ഇടതുപാര്‍ട്ടികള്‍. കൊലയാളി നെതന്യാഹു ഗോ ബാക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിലൂടെ ഇസ്രയേലിന്റെ അധിനിവേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഗാന്ധിജി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന കാലം തൊട്ട് ഇന്ത്യ പലസ്തീനിനെയാണ് പിന്തുണയ്ക്കുന്നതെന്നും പ്രകാശ് കാരട്ട് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് ഇത്തരത്തിലൊരു പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് സിപിഐ നേതാവ് ഡി.രാജ അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ അനധികൃതമായാണ് പലസ്തീനിലേക്ക് അധിനിവേശം നടത്തുന്നത്.ഇത് പരിഹരിക്കാനായി അമേരിക്ക മുന്നോട്ട് വച്ച നയങ്ങള്‍ പിന്തുണയ്ക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനിലെ പ്രശ്‌നങ്ങള്‍ ലോകരാജ്യങ്ങള്‍ ഒത്തൊരുമിച്ച് പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ ഒരിക്കലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവില്ല. ചരിത്രത്തെ മനസ്സിലാക്കികൊണ്ടുവേണം ഈ പ്രശനത്തിന് പരിഹാരം കണ്ടെത്താന്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റിനോട് ഞങ്ങള്‍ക്ക് പറയാനുള്ളതും ഇതാണ്. ഞങ്ങളുടെ ജനാധിപത്യത്തിന്റെ ഭാഗമാണിതെന്നും രാജ പറഞ്ഞു.

ആറുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.