കേരള സ്റ്റോറിയ്ക്ക് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറിയുമായി ബന്ധമില്ല, സിനിമയുടെ ഭാവി കോടതി തീരുമാനിക്കട്ടെ, : സീതാറാം യെച്ചൂരി

കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാല്‍ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും കേരള സ്റ്റോറി സിനിമ വിവാദത്തില്‍ യെച്ചൂരി പറഞ്ഞു.

കേരളത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാര്‍ഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവര്‍ത്തകര്‍ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്‍കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി.

കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നല്‍കിയിരുന്നത്.