'കെജ്‌രിവാളുമായും മനീഷ് സിസോദിയയുമായും ​ഗൂഢാലോചന നടത്തിയത് കവിത'; മദ്യ നയകേസിൽ കൂടുതൽ കണ്ടെത്തലുകളുമായി ഇഡി

തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ​ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ​ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി. ഇതിനായി ഡൽഹിയിലുള്ളവർക്ക് നൂറ് കോടി രൂപ കൈക്കൂലി നൽകിയെന്നും ഇഡി കോടതിയിൽ അറിയിച്ചു.

കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ നാല് ഫോണുകളിലെ വിവരങ്ങളെല്ലാം കവിത നശിപ്പിച്ചെന്നും ഇഡി ഡൽഹി റൗസ് അവന്യൂ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ട കവിതയെ കേസിലെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി നാളെ മുതൽ ചോദ്യം ചെയ്യും.

വെള്ളിയാഴ്ചയാണ് ഇഡി- ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായ അറസ്റ്റില്‍ ബിആര്‍എസ് കടുത്ത പ്രതിഷേധമാണ് നടത്തിയത്. ലോക്സഭ തിഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന അറസ്റ്റ് കരുതിക്കൂട്ടിയുള്ളതാണെന്ന വാദവുമായാണ് ബിആര്‍എസ് പ്രതിഷേധം.