മതം ആചരിക്കാന്‍ ആരും സ്‌കൂളില്‍ വരരുത്, ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

സ്‌കൂളുകളില്‍ കുട്ടികള്‍ ഹിജാബോ കാവി ഷാളോ ധരിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതസംഘടനകളെ നിരീക്ഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മതം ആചരിക്കാന്‍ ആരും സ്‌കൂളില്‍ വരരുത്. എല്ലാ വിദ്യാര്‍ത്ഥികളും ഒരുമയോടെ പഠിക്കേണ്ട സ്ഥലമാണതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

എല്ലാ മതത്തില്‍പ്പെട്ട കുട്ടികള്‍ ഒരുമിച്ച് പഠിക്കേണ്ട സ്ഥലമാണ് സ്‌കൂളുകള്‍. ആരും വ്യത്യസ്തരല്ല. എല്ലാവരും ഭാരത മാതാവിന്റെ മക്കളാണന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. ‘ഭാരത മാതാവിന്റെ മക്കളായി പഠിക്കാന്‍ എല്ലാവരും അവിടെ വരണം. സ്‌കൂള്‍ പരിസരത്ത് ആരും ഹിജാബും കാവി ഷാളും ധരിക്കരുത്, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ക്ക് സ്വതന്ത്രമായി മതം ആചരിക്കാനും പ്രാര്‍ത്ഥനകള്‍ നടത്താനും പള്ളികള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളുണ്ട്. സ്‌കൂളുകളില്‍ ദേശീയ ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന അക്കാദമിക അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന വ്യത്യസ്ത ആശയങ്ങളുള്ള മത സംഘടനകളെ നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിച്ചെത്തിയ കുന്ദാപൂര്‍ പി.യു കോളജിലെ മുസ്ലീം വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ ഗേറ്റില്‍ തടഞ്ഞതും വിവാദമായിരുന്നു. ക്ലാസ് മുറിക്കുള്ളില്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നും പ്രവേശിക്കുന്നതിന് മുമ്പ് അത് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് എതിരായി ഇന്നലെ നൂറോളം ഹിന്ദു വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചാണ് ക്ലാസിലെത്തിയത്.