'അമിത് ഷായുടേത് വെറും വീമ്പിളക്കല്‍ മാത്രം; പറഞ്ഞ വാക്കിനു വിലയില്ലാത്തവരോട് എന്തുപറയാന്‍'-കണ്ണന്‍ ഗോപിനാഥന്‍

ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ഐ എ എസിൽ നിന്ന് രാജി വെച്ച കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമയം ചോദിച്ച് കണ്ണന്‍ ഗോപിനാഥന്‍ കത്തും അയച്ചിരുന്നു. എന്നാല്‍, മൂന്നു ദിവസമായിട്ടും മറുപടിയൊന്നുമില്ലെന്നും അമിത് ഷായുടേത് വെറും വീമ്പിളക്കല്‍ മാത്രമാണെന്നും കണ്ണന്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ പാഠമാണെന്നും കണ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച “ടൈംസ് നൗ സമ്മിറ്റില്‍” മാധ്യമപ്രവര്‍ത്തക നവിക കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഈ പ്രഖ്യാപനത്തെ എതിരേറ്റത്. അന്നേ ദിവസം തന്നെ ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് കണ്ണന്‍ ഗോപിനാഥന്‍ ആഭ്യന്തരമന്ത്രിക്ക് കത്തയക്കുകയും കത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിടുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള ക്ഷണം സ്വീകരിക്കുകയാണെന്നും സമയം അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. താന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ചര്‍ച്ചയ്ക്കുള്ള സമയം ഒരു ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും കണ്ണന്‍ കത്തില്‍ പറഞ്ഞു. അമിത് ഷായെ ടാഗ് ചെയ്ത് ഇതേ വിഷയത്തില്‍ കണ്ണന്‍ ട്വീറ്റും ചെയ്തു.