'സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ദേശസ്‌നേഹമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു'; കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് കണ്ണന്‍ ഗോപിനാഥന്‍

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിന് എന്ന കുറിപ്പോടെയാണ് കണ്ണന്‍ ഗോപിനാഥിന്‍റെ ട്വീറ്റ്.

സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ദേശസ്‌നേഹമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തെ ഒരു ചിത്രം പങ്ക് വെയ്ക്കുകയാണ്. ഇന്നത്തെ കാലത്ത് പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു. മാത്രമല്ല പ്രതിഷേധിക്കുന്നവര്‍ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്നു. പക്ഷേ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഈ സര്‍ക്കാര്‍ എന്ന ചെകുത്താനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ ദേശസ്‌നേഹമുളളതായി ഒന്നും തന്നെയില്ലെന്ന് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. ഇപ്പോഴാണ് പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയുമുളളതെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കുന്നു.