കനയ്യ കുമാർ കോൺഗ്രസിലേയ്ക്ക് എന്ന അഭ്യൂഹം; യുവനേതാവുമായി കൂടിക്കാഴ്ച നടത്തി ഡി. രാജ

 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി രാജ വ്യാഴാഴ്ച പാർട്ടി നേതാവ് കനയ്യ കുമാറുമായി കൂടിക്കാഴ്ച നടത്തി. കനയ്യ കുമാർ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്.

ഊഹാപോഹങ്ങളെ കുറിച്ച് ഞാൻ കനയ്യയോട് ചോദിച്ചു. കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് തുടർച്ചയായ ഈ ഊഹാപോഹങ്ങളെ ഞാൻ അപലപിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും പാർട്ടിയുടെ സ്വത്തുമാണെന്ന് ഡി രാജ പറഞ്ഞു.

പക്ഷേ, യുവജനങ്ങളിൽ ഏറ്റവും ജനകീയനായ സിപിഐ നേതാവായ കനയ്യ കുമാർ കിംവദന്തികളെ കുറിച്ച് മൗനം പാലിക്കുന്നതിനാൽ തന്നെ പാർട്ടിയിലെ ഒരു വിഭാഗം സംശയത്തിലാണ്. കനയ്യ അടുത്തിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇത് കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതിന്റെ മുന്നോടിയാണെന്നാണ് വ്യാപകമായി കരുതപ്പെടുന്നത്.

എന്നാൽ ഡി രാജ കനയ്യ കുമാറിനെ ന്യായീകരിച്ചു. കനയ്യ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിലെ ഒരു അംഗമാണ്. ഏത് രാഷ്ട്രീയ നേതാവിനെയും കാണാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിൽ ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാകുമായിരുന്നോ. അദ്ദേഹം മറ്റ് രാഷ്ട്രീയ നേതാക്കളെയും കണ്ടിട്ടുണ്ട്, രാജ പറഞ്ഞു. ഡി രാജയും കനയ്യ കുമാറും ഡൽഹിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.