'നിയമവിരുദ്ധമായ അറസ്റ്റ്, പോരാടും'; ഇഡി അറസ്റ്റിലായ കെ കവിതയെ കോടതിയിൽ ഹാജരാക്കി

ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇന്നലെ ഹൈദരാബിദിൽ നിന്ന് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹിയിലെ കോടതിയിൽ ഹാജരാക്കി. ഡൽഹിയിലെ റോസ് അവന്യു കോടതിയിലാണ് ഹാജരാക്കിയത്. നിയമവിരുദ്ധമായ അറസ്റ്റാണെന്നും ഇതിനെതിരെ പോരാടുമെന്നും കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളായ കെ കവിതയെ ഇന്നലെ ഹൈദരാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് അർധരാത്രിയോടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തെത്തിച്ച് വൈദ്യ പരിശോധനക്ക് ഹാജരാക്കിയിരുന്നു. കവിതയെ കസ്റ്റഡിയിലെടുത്തതോടെ ഇഡി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അധികാര ദുർവിനിയോഗമാണ് അറസ്റ്റിന് പിന്നിലെന്ന് കവിതയുടെ സഹോദരനും തെലങ്കാന മുൻ മന്ത്രിയുമായ കെടി രാമ റാവു പ്രതികരിച്ചു. ‘രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് 10 വർഷമായി ബിജെപി സർക്കാർ തുടർന്നു വരുന്നു. കവിതയെ ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തതിന് ഇഡി സുപ്രീംകോടതിയിൽ ഉത്തരം നൽകേണ്ടതുണ്ട്. നീതി വിജയിക്കും, നിയമപരമായി പോരാടുന്നത് തുടരും’ – രാമ റാവു എക്‌സിൽ കുറിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കി നിൽക്കെയുള്ള കവിതയുടെ അറസ്റ്റിൽ പ്രതിപക്ഷം വിമർശങ്ങൾ ഉന്നയിക്കുന്നുണ്ട്. അതേസമയം, ഇതേ കേസിൽ കോടതിയിൽ ഹാജരായ അരവിന്ദ്​ കെജ്‌രിവാളിന് റോസ് അവന്യു കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.